തിമിംഗലത്തെ വളര്‍ത്തുന്ന കൂട്ടുകാരന്‍

By | 3:05 PM Leave a Comment
ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നു ..
ജിറ്റീഷിന്റെ അമ്മാവന്‍ മിലിട്ടറിയില്‍ ആണ് ..
അവന്‍റെ വീട്ടില്‍ തോക്കുണ്ട് ..
ഒരു നൂറു പ്രാവശ്യം വെടി വെച്ചാലും ഉണ്ട തീരൂല ..അത്രേം നല്ല തോക്ക് ആണ് അത് ..
ഞാനും അസിഫും കേട്ടിരിക്കുകയാണ് ..
കുറേ കേട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ തുടങ്ങി
വിമാനത്തെ കുറിച്ചാണ് ഞാന്‍ പറഞ്ഞത് ..ബാറ്ററിയില്‍ ഓടുകയും ഇടയ്ക്കു നിന്ന് ഡോര്‍ തുറന്ന് - പിന്നെ അടഞ്ഞ്
പതുക്കെ വീണ്ടും ഓടി തുടങ്ങുന്ന എന്‍റെ സ്വന്തം വിമാനം ..
പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ ഓടിക്കൊണ്ടിരുന്ന വിമാനം കുറച്ചു അങ്ങട്ട് പറന്നു തുടങ്ങി ..
ജിറ്റീഷിന് വിശ്വാസം ആയില്ല ..എത്ര ഉയരത്തില്‍ പറക്കും -അവന്‍ ചോദിച്ചു ...
ഒരു പാടു ഒന്നും ഉയരത്തില്‍ പറക്കൂലട്ടോ ..എന്‍റെ തലയ്ക്കു തൊട്ടു മുകളിലൂടെ -അത്രേ പറക്കൂ..
ഞാന്‍ തന്നെ എന്‍റെ വിമാനത്തെ പൊക്കി പറയുന്നതു ശരിയല്ലല്ലോ ..
ജിറ്റീഷിന് പെട്ടെന്ന് ആണ് ഓര്‍മ വന്നത് ..
അവനു കൊറേ മുന്‍പ് ഇത് പോലെ ഒരു വിമാനം ഉണ്ടായിരുന്നത്രേ ..വീടിന്‍റെ അത്ര ഉയരത്തിലേ അത് പറക്കൊള്ളൂ ...
എന്‍റെ വിമാനത്തെ പോലെ ഡോര്‍ വെറുതെ തുറക്കല്ല -വിമാനത്തില്‍ നിന്നും ഒരു പെണ്ണ് ഇറങ്ങി വരുമത്രേ ..എന്നിട്ട് ഒരു പെട്ടി വാങ്ങി വീണ്ടും വിമാനത്തില്‍ കയറും ...വിമാനം പിന്നേം പറക്കാന്‍ തുടങ്ങും ..
എന്‍റെ വിമാനത്തെക്കാള്‍ നല്ല വിമാനം ..പക്ഷെ പെട്ടി ആരുടെ കയ്യില്‍ നിന്നു മേടിക്കും - എനിക്ക് സംശയം ആയി
വിമാനം നിര്‍ത്തുന്ന സ്ഥലത്ത് ഒരു കട ഉണ്ടത്രേ ..ആ കടയില്‍ നിന്നാണ് ആ പെണ്ണ് പെട്ടി വാങ്ങി കൊണ്ട് പോവുന്നത് ...
എന്‍റെ സംശയം തീര്‍ന്നു ..ഞാന്‍ ആസിഫിനെ നോക്കി ..
ഗള്‍ഫിലും പട്ടാളത്തിലും ആരും ഇല്ല അവന് ..
അവനു പാടം ഉണ്ട് - കുളം ഉണ്ട് ..
പെട്ടന്ന് അവന്‍ പറഞ്ഞു തുടങ്ങി ..
അവന്‍റെ ഉപ്പാപ്പ തിമിംഗലത്തെ വളര്‍ത്തുന്നുണ്ടത്രേ ..
ജിറ്റീഷിനു സംശയം
വല്യ മീന്‍ അല്ലെ തിമിംഗലം ..
കുളത്തില്‍ ആണോ വളര്‍ത്തുന്നെ ?
കുളത്തില്‍ അല്ലെ നീ ദിവസവും കുളിക്കുന്നെ ?
അല്ല ..സിമന്റ് കൊണ്ട് തേച്ച് വല്യ ടാങ്ക് ഉണ്ടാക്കി .അതില്‍ ആണ് വളര്‍ത്തുന്നത് ..
ജിറ്റീഷിനു വിശ്വാസം ആയി ..ആസിഫ് എന്നെ നോക്കി ..
കടലില്‍ വളരുന്ന മീന്‍ അല്ലേ തിമിംഗലം..
ഉപ്പു വെള്ളം ഇല്ലേല്‍ അത് ചത്ത്‌ പോകൂലെ ...
അയലയും മത്തിയും എന്ത് കൊണ്ട് വീട്ടില്‍ വളര്‍ത്തി കൂടാ എന്ന് ഞാന്‍ ആരോടോ ചോദിച്ചിരുന്നു ..
ആ ഓര്‍മയിലാ അങ്ങിനെ ചോദിച്ചേ ...
ഉപ്പാപ്പ എന്നും വലിയ ഒരു ചാക്കില്‍ ഉപ്പ് കൊണ്ട് വന്ന് ടാങ്കിലെ വെള്ളത്തില്‍ കലക്കും ..അവന് അപ്പഴാ അത് ഓര്‍മ വന്നത് ..
ഉപ്പു ടാങ്കില്‍ ഇട്ട് വല്യ കോല് കൊണ്ട് ഇളക്കണം -എന്നാല്‍ അല്ലെ ഉപ്പ് കലങ്ങൂ ..
ചില ദിവസം അവന്‍ ആണത്രേ കോല് വെച്ച് ഇളക്കുന്നത്.. അവനു അത് പേടി ആണത്രേ ..
-------------------------
പിന്നീട് എന്നും എന്‍റെ സ്വപ്നങ്ങളില്‍ തിമിംഗലം നീന്തിത്തുടിച്ചു...
കാലം ഒരു പാടു കടന്നു പോയി ..
എന്നോ മറന്ന ആ കൂട്ടുകാരെ ഫേസ് ബുക്ക്‌ വീണ്ടും മുന്നില്‍ കൊണ്ട് നിര്‍ത്തി .
അസിഫ് ഗള്‍ഫില്‍ ജോലി ചെയ്യുന്നു .. ജിറ്റീഷ് അവന്‍റെ നാട്ടിലെ സ്കൂളിലെ പ്രിയപ്പെട്ട ആധ്യാപകന്‍ ആണ് ..
ഇന്നും ഞാന്‍ സ്വപ്നം കാണാറുണ്ട്..
അവന്‍റെ തിമിംഗലത്തെ..
ഉപ്പു കലക്കുമ്പോള്‍ കോലില്‍ പിടിച്ച് കടിച്ചു കുടയുന്ന അവന്‍റെ തിമിംഗലത്തെ..
വള്രെ പുതിയ പോസ്റ്റ് വളരെ പഴയ പോസ്റ്റ് ഹോം

0 comments:

Popular Posts