Latest Posts

കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ


കോളേജിൽ പഠിക്കുന്ന കാലം 

അടുത്ത റൂമിൽ താമസിക്കുന്ന ട്ടിജോ ഒരു ദിവസം ഒരു സഹായം രഹസ്യമായി ആവശ്യപ്പെട്ടു .
അവന് അവന്റെ കോളേജിലെ അഞ്ചനയോട് ഫോണിൽ സംസാരിക്കണം.
ഇത് വരെ അവർ പരസ്പരം മിണ്ടിയിട്ടില്ല ,ആദ്യമായി സംസാരിക്കുക ആണ് -അത് കൊണ്ട് അവനു ഞങ്ങളുടെ സഹായം വേണം .
സനൂപ് അവർക്ക് പരസ്പരം ഇഷ്ടം ആണെന്ന് അറിയിക്കുകയും ഫോണ്‍ നമ്പർ കൈ മാറുകയും ചെയ്തിട്ട് ഉണ്ട്
അവര് പ്രേമിക്കാൻ തുടങ്ങുക ആണത്രേ ...
പെണ്‍കുട്ടികളോട് സംസാരിക്കുന്നത് ഒരു കല ആണ് -ഞാൻ പറഞ്ഞു തുടങ്ങി
ആദ്യം തന്നെ കൊഞ്ചി കൊണ്ട് അവരോടു സംസാരിക്കരുത് . ഒരു പെണ്ണിനും അത് ഇഷ്ടപ്പെടില്ല - എല്ടിനും തുടങ്ങി
അങ്ങനെ ഞാനും എല്ടിനും കൂടി ഒരു പ്ലാൻ ഉണ്ടാക്കി ..ഫോണിൽ ഉള്ള സംസാരം - തുടക്കം മുതൽ ഒടുക്കം വരെ .
ഒരു വല്യ പേപ്പറിൽ അതെല്ലാം എഴുതി കൊടുത്തു അവന് .
"ഹായ് അഞ്ജന അല്ലെ "
" അതെ "
ചില കൊസ്റ്റ്യനു അതെ എന്ന് ആവണം എന്നില്ല അവളുടെ ഉത്തരം -അപ്പോൾ ഇങ്ങനെ പറയണം .
-അവൾ എന്ത് ഉത്തരം പറഞ്ഞാലും അതിന്റെ തുടർച്ച ആയി നീ ഇങ്ങനെ പറഞ്ഞു തുടങ്ങണം
-എന്നിട്ട് "ഇങ്ങനെ" തിരിച്ചു ചോദിക്കണം
-അപ്പോൾ അവൾ "അങ്ങനെ" ഉത്തരം പറയും
-അല്ലെങ്കിൽ "ഇങ്ങനെ" ...
അവസാനം ഇനി ഒന്നും സംസാരിക്കാൻ ഇല്ല എന്ന സ്റ്റൈലിൽ സംസാരം നിർത്തരുത് ..
പെട്ടന്ന് ആരെങ്കിലും വിളിക്കുന്നു ..ഞാൻ ഇപ്പോൾ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ് സംസാരം നിർത്തണം ..
"അതിന്റെ ആവശ്യം എന്താ "- ട്ടിജോയ്ക്ക് അവസാനം പറഞ്ഞത് രസിച്ചില്ല .
എല്ടിൻ : അവൾക്കു നിന്നോട് പ്രേമം തോന്നിയത് കൊണ്ട് കാര്യം ഇല്ല്യ , അവളെ ഇമ്പ്രസ്സ് ചെയ്യിക്കണം , അല്ലേൽ നാളെ അവൾ വേറെ ആരേലും പ്രേമിക്കും ?
"അതൊരു സൈക്കൊലോജിക്കൽ മൂവ് ആണ് ..
ഇനിയൊന്നും സംസാരിക്കാൻ ഇല്ല എന്നായി ഇന്ന് സംസാരം നിർത്തിയാൽ പിന്നെ അവൾ അടുത്ത ദിവസം നിന്നോട് സംസാരിക്കാൻ താല്പര്യപ്പെടില്ല "
- ഞാൻ പറഞ്ഞു നിർത്തി
ട്ടിജോ ഞങ്ങളെ അഭിമാനത്തോടെ നോക്കി .
എല്ടിൻ : മം .. ഞങ്ങൾ പറയുന്നത് അക്ഷരം പ്രതി അനുസരിക്കണം
ഞങ്ങൾ എഴുതി കൊടുത്ത പ്ലാൻ അവൻ രണ്ടു മൂന്ന് തവണ വായിച്ചു - റ്റെറസിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് - കാണാതെ പറഞ്ഞ് പഠിച്ചു ..പുറകെ നടന്ന് എല്ടിൻ എല്ലാം വീണ്ടും വീണ്ടും പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു
അങ്ങനെ അവൾ വിളിക്കാൻ പറഞ്ഞ സമയം ആയി .
ഞങ്ങൾ രണ്ടു പേരോടും റ്റെറസ്സിൽ നിന്ന് താഴെ പോവാൻ അവൻ പറഞ്ഞു , അവൻ അവളെ വിളിച്ചു
ഞങ്ങൾ കൊണിപ്പടിയിലേക്ക് നോക്കിക്കൊണ്ട്‌ താഴെ അവനെ കാത്തുനിന്നു ..
എന്തായിരിക്കും മുകളിൽ സംഭവിച്ചിട്ടുണ്ടാകുക ?.
മുകളിൽ നിന്ന് ശബ്ദം ഒന്നും കേൾക്കുന്നില്ല ..
പെട്ടന്ന് ട്ടിജോ താഴേക്ക്‌ ഓടി വന്നു .. പ്ലാൻ ഞങ്ങൾക്ക് നേരെ വലിച്ചെറിഞ്ഞു കൊണ്ട് അലറി
"ഒന്ന് പോടാ ...ഇത് പോലൊന്നും അല്ല അവള് പറഞ്ഞത് "
"അതിപ്പോ ചെറിയ വെത്യാസം കാണൂലെ " - ഞാൻ
"നിനക്ക് എന്തെങ്കിലും പറഞ്ഞു ഒപ്പിച്ചു കൂടായിരുന്നോ " - എല്ടിൻ
ട്ടിജോ ഫോണ്‍ കോണിപ്പടിയിൽ വെച്ച് , അതിനടുത്ത് അതിനെ തന്നെ നോക്കി ഇരുന്നു , അവൻ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു . ഞങ്ങൾ അവനെ നോക്കി അവന്റെ അടുത്തിരുന്നു .
"എനിക്ക് ഒന്നും പറയാൻ കിട്ടീല .. ഞാൻ ഫോണ്‍ കട്ട്‌ ചെയ്തു " -അവൻ ഒരു വിധം പറഞ്ഞൊപ്പിച്ചു
എല്ടിൻ : അവൾ ഇനി എങ്ങാനും തിരിച്ചു വിളിക്യോ ?
ഞാനും എല്ടിനും ട്ടിജോയും ഫോണിലേക്ക് പേടിയോടെ നോക്കി
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
കാലം ഒരു പാട് കടന്നു പോയി
ഞങ്ങളുടെ സഹായം ഇല്ലെങ്കിലും ട്ടിജോയും അഞ്ജനയും പരസ്പരം പ്രേമിച്ചു ..
കല്യാണം കഴിച്ചു ..
ഇപ്പോൾ ചെന്നെയിൽ സുഖമായിരിക്കുന്നു ...
ഞാനും എല്ടിനും ക്രോണിക് ബാച്ചിലേർസ് ആയി ഇപ്പോഴും ജീവിച്ചിരിക്കുന്നു

എഞ്ചിനീയറിംഗ് ഫൈനല്‍ ഇയര്‍ പഠിക്കുന്ന സമയം ..
തേര്‍ഡ് ഇയര്‍ ഉള്ള ഒരു ക്രിസ്ത്യന്‍ മൊഞ്ചത്തി ആണ് കക്ഷി
അവള്‍ക്കു തേര്‍ഡ് ഇയര്‍ തന്നെ ഉള്ള മറ്റൊരു പയ്യനുമായി പ്രണയം എന്ന് ദുഷ്ട ജനം പാടി നടക്കുന്നു ..
അവളോട്‌ മുഖത്ത് നോക്കി രണ്ടു മിനുട്ട് സംസാരിച്ചിട്ടില്ല അത് വരെ ..
എന്നാലും ഇത് അവളോട്‌ മുഖത്ത് നോക്കി ചോദിക്കണം എന്ന് എന്നിലെ കാമുകന്‍ -
എന്നിലെ സൂപ്പര്‍ സീനിയറും അത് തന്നെ ആവശ്യപ്പെട്ടപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല ...
അവളുടെ ക്ലാസ്സ്‌ ലക്ഷ്യമാക്കി ഞാന്‍ നടന്നു ...
എല്ടിനും ജിത്തിയും [ കൂട്ടുകാരാ - എന്നൊക്കെ പറയുന്നു ] എന്നെ അനുഗ്രഹിച്ചയച്ചു ...
അവളെ കാണുമ്പോള്‍ ഞാന്‍ എങ്ങനെ പെരുമാറണം- എന്ത് പറയണം എന്നതിനെ കുറിച്ച് ഞാനും എല്ടിനും കൂടി ഒരു പ്ലാന്‍ തന്നെ ഉണ്ടാക്കി ..
"നിന്നേം അവനേം കുറിച്ച് പലരും പലതും പറയുന്നു ?" - എന്ന് അവളുടെ ഉണ്ട കണ്ണ് നോക്കി തന്നെ ചോദിക്കണം .
"ഞാന്‍ ഈ കേട്ടതൊക്കെ സത്യം ആണോ" - ഇത് ചോദിക്കുമ്പോള്‍ ഗദ്ഗധം വന്നു പെട്ടന്ന് മുഖംതിരിക്കണം .എന്നിട്ട് കുറച്ചു സമയം ഒന്നും മിണ്ടാതെ ദൂരേക്ക്‌ നോക്കി നില്‍ക്കണം ..
പതുക്കെ തല തിരിച്ച് അവളുടെ മുഖത്തേക്ക് പിച്ചക്കാരു നോക്കുന്ന പോലെ നോക്കണം ..അമ്മാ...
ഇങ്ങനെ ചെയ്‌താല്‍ ദുഷ്ട ജനം പാടി നടക്കുമ്പോള്‍ അവള്‍ക്കു മറ്റവനോടു തോന്നുന്ന ആ ഒരു ഇത് - ഇനി അങ്ങിനെ വല്ലതും ഉണ്ടേല്‍ -ഇല്ലാതെ ആവും എന്നും ഞാന്‍ കണക്കു കൂട്ടി ..
മുഖത്ത് ഒരു ദയനീയ ഭാവം വേണം - യാചിക്കുന്ന പോലെ - കണ്ണില്‍ ഇത്തിരി കണ്ണീരും കൂടി ഉണ്ടേല്‍ അവള്‍ വീഴും - ഉറപ്പാ .എല്ടിന്‍ പറഞ്ഞു നിര്‍ത്തി
സമയം നട്ടുച്ച - കോണി കേറി അവളുടെ ക്ലാസിനു മുന്നില്‍ എത്തി.
എന്നെ കണ്ടതും അവള്‍ എന്‍റെ കൂടെ ഇറങ്ങി വന്നു..വരാന്ത വരെ ..
ഞാന്‍ ചിരിച്ചില്ല..മുഖത്തെ ഭാവം പ്രത്യേകം ശ്രദ്ധിക്കണം - എല്ടിന്‍ പറഞ്ഞത് ഓര്‍ത്തു
"എനിക്ക് ഒരു കാര്യം ചോദിക്കാന്‍ ഉണ്ട് "
അവളുടെ കവിളുകള്‍ ചുവന്ന് തുടുത്തിരിക്കുന്നു ..
തിളങ്ങുന്ന കണ്ണുകള്‍ ആകാംഷയോടെ എന്നെ തന്നെ നോക്കുന്നു .. ഹോ .. ഞാന്‍ മുഖം തിരിച്ചു ..
പെട്ടന്ന് പ്ലാന്‍ മനസ്സിലേക്ക് വന്നു ..
എല്ടിന്‍ ഇവിടെ എവിടോ ഉണ്ടായിരുന്നു ..
മറഞ്ഞു നിന്നു എന്‍റെ അഭിനയം കാണാവും ..
ജിത്തി താഴത്തെ നിലയില്‍ ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ട് ..
മുഖത്തെ ഭാവം പ്രത്യേകം ശ്രദ്ധിക്കണം - എല്ടിന്‍ പറഞ്ഞത് ഓര്‍ത്തു
"ഞാന്‍ ഈ കേട്ടതൊക്കെ സത്യം ആണോ"
ആകാംഷയോടെ അവള്‍ എന്നെ തന്നെ നോക്കുന്നു -എന്‍റെ കണ്ണിലേക്കു തന്നെ നോക്കുന്നു .. ഞാന്‍ മുഖം വെട്ടിത്തിരിച്ചു ...
അടുത്ത ഡയലോഗ് ..
"നിന്നേം അവനേം കുറിച്ച് പലരും പലതും പറയുന്നു"
വിയര്‍ത്തു തുടങ്ങി - കയ്യൊക്കെ വിറയ്ക്കുന്നു ...എന്‍റെ ആണുട്ടോ
ഉറക്കെ വീണ്ടും ചോദിച്ചു
"ഈ കേട്ടതൊക്കെ സത്യം ആണോ" .
അവള്‍ മിണ്ടുന്നില്ല ... ഞാന്‍ ദൂരേക്ക്‌ തന്നെ നോക്കി നിന്നു .. ഹാവു .. പ്ലാന്‍ വര്‍ക്ക്‌ ആവുന്നുണ്ട്‌ ..
എന്‍റെ വിറ ഒക്കെ നിന്നു .. ചെറുതായി മുഖത്ത് വന്ന പുഞ്ചിരി ഒളിപ്പിക്കാന്‍ ഞാന്‍ പാടുപെട്ടു
"ശരിയാണ് " .
ഞാന്‍ വാ പൊളിച്ച് അവളെ തിരിഞ്ഞു നോക്കി - അവള്‍ അപ്പഴും എന്നെ തന്നെ നോക്കി നില്ക്കാ ...
ഞാന്‍ തിരിഞ്ഞു നടന്നു .
കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ ..
തൊണ്ട വരണ്ടു ..കണ്ണ് നിറഞ്ഞു .
കൈ വിറയ്ക്കുന്നു ..
ചുറ്റും എന്നെ അറിയുന്ന ഒരുപാടുപേര്‍ എന്നിട്ടും ഞാന്‍ അവിടെ ഒറ്റയ്ക്കായിരുന്നു ..
"മുഖത്തെ ഭാവം പ്രത്യേകം ശ്രദ്ധിക്കണം " - എല്ടിന്‍ പറഞ്ഞത് ഓര്‍ത്തു
അന്ന് ആ കോണി പടികള്‍ ഇറങ്ങുമ്പോള്‍ ആണ് ഞാന്‍ എന്‍റെ പ്രണയത്തെ ആദ്യമായി കണ്ടു മുട്ടിയത്‌
കോണിപ്പടികള്‍ ഇറങ്ങുമ്പോള്‍ എല്ടിന്‍ തോളത്തു കയ്യിട്ടു എന്നെ ചേര്‍ത്ത് പിടിച്ച് അഭിനന്ദിച്ചു ..
അളിയാ കലക്കി ... നിന്‍റെ മുഖത്തെ ഭാവം സൂപ്പര്‍ ..
ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നു ..
ജിറ്റീഷിന്റെ അമ്മാവന്‍ മിലിട്ടറിയില്‍ ആണ് ..
അവന്‍റെ വീട്ടില്‍ തോക്കുണ്ട് ..
ഒരു നൂറു പ്രാവശ്യം വെടി വെച്ചാലും ഉണ്ട തീരൂല ..അത്രേം നല്ല തോക്ക് ആണ് അത് ..
ഞാനും അസിഫും കേട്ടിരിക്കുകയാണ് ..
കുറേ കേട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ തുടങ്ങി
വിമാനത്തെ കുറിച്ചാണ് ഞാന്‍ പറഞ്ഞത് ..ബാറ്ററിയില്‍ ഓടുകയും ഇടയ്ക്കു നിന്ന് ഡോര്‍ തുറന്ന് - പിന്നെ അടഞ്ഞ്
പതുക്കെ വീണ്ടും ഓടി തുടങ്ങുന്ന എന്‍റെ സ്വന്തം വിമാനം ..
പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ ഓടിക്കൊണ്ടിരുന്ന വിമാനം കുറച്ചു അങ്ങട്ട് പറന്നു തുടങ്ങി ..
ജിറ്റീഷിന് വിശ്വാസം ആയില്ല ..എത്ര ഉയരത്തില്‍ പറക്കും -അവന്‍ ചോദിച്ചു ...
ഒരു പാടു ഒന്നും ഉയരത്തില്‍ പറക്കൂലട്ടോ ..എന്‍റെ തലയ്ക്കു തൊട്ടു മുകളിലൂടെ -അത്രേ പറക്കൂ..
ഞാന്‍ തന്നെ എന്‍റെ വിമാനത്തെ പൊക്കി പറയുന്നതു ശരിയല്ലല്ലോ ..
ജിറ്റീഷിന് പെട്ടെന്ന് ആണ് ഓര്‍മ വന്നത് ..
അവനു കൊറേ മുന്‍പ് ഇത് പോലെ ഒരു വിമാനം ഉണ്ടായിരുന്നത്രേ ..വീടിന്‍റെ അത്ര ഉയരത്തിലേ അത് പറക്കൊള്ളൂ ...
എന്‍റെ വിമാനത്തെ പോലെ ഡോര്‍ വെറുതെ തുറക്കല്ല -വിമാനത്തില്‍ നിന്നും ഒരു പെണ്ണ് ഇറങ്ങി വരുമത്രേ ..എന്നിട്ട് ഒരു പെട്ടി വാങ്ങി വീണ്ടും വിമാനത്തില്‍ കയറും ...വിമാനം പിന്നേം പറക്കാന്‍ തുടങ്ങും ..
എന്‍റെ വിമാനത്തെക്കാള്‍ നല്ല വിമാനം ..പക്ഷെ പെട്ടി ആരുടെ കയ്യില്‍ നിന്നു മേടിക്കും - എനിക്ക് സംശയം ആയി
വിമാനം നിര്‍ത്തുന്ന സ്ഥലത്ത് ഒരു കട ഉണ്ടത്രേ ..ആ കടയില്‍ നിന്നാണ് ആ പെണ്ണ് പെട്ടി വാങ്ങി കൊണ്ട് പോവുന്നത് ...
എന്‍റെ സംശയം തീര്‍ന്നു ..ഞാന്‍ ആസിഫിനെ നോക്കി ..
ഗള്‍ഫിലും പട്ടാളത്തിലും ആരും ഇല്ല അവന് ..
അവനു പാടം ഉണ്ട് - കുളം ഉണ്ട് ..
പെട്ടന്ന് അവന്‍ പറഞ്ഞു തുടങ്ങി ..
അവന്‍റെ ഉപ്പാപ്പ തിമിംഗലത്തെ വളര്‍ത്തുന്നുണ്ടത്രേ ..
ജിറ്റീഷിനു സംശയം
വല്യ മീന്‍ അല്ലെ തിമിംഗലം ..
കുളത്തില്‍ ആണോ വളര്‍ത്തുന്നെ ?
കുളത്തില്‍ അല്ലെ നീ ദിവസവും കുളിക്കുന്നെ ?
അല്ല ..സിമന്റ് കൊണ്ട് തേച്ച് വല്യ ടാങ്ക് ഉണ്ടാക്കി .അതില്‍ ആണ് വളര്‍ത്തുന്നത് ..
ജിറ്റീഷിനു വിശ്വാസം ആയി ..ആസിഫ് എന്നെ നോക്കി ..
കടലില്‍ വളരുന്ന മീന്‍ അല്ലേ തിമിംഗലം..
ഉപ്പു വെള്ളം ഇല്ലേല്‍ അത് ചത്ത്‌ പോകൂലെ ...
അയലയും മത്തിയും എന്ത് കൊണ്ട് വീട്ടില്‍ വളര്‍ത്തി കൂടാ എന്ന് ഞാന്‍ ആരോടോ ചോദിച്ചിരുന്നു ..
ആ ഓര്‍മയിലാ അങ്ങിനെ ചോദിച്ചേ ...
ഉപ്പാപ്പ എന്നും വലിയ ഒരു ചാക്കില്‍ ഉപ്പ് കൊണ്ട് വന്ന് ടാങ്കിലെ വെള്ളത്തില്‍ കലക്കും ..അവന് അപ്പഴാ അത് ഓര്‍മ വന്നത് ..
ഉപ്പു ടാങ്കില്‍ ഇട്ട് വല്യ കോല് കൊണ്ട് ഇളക്കണം -എന്നാല്‍ അല്ലെ ഉപ്പ് കലങ്ങൂ ..
ചില ദിവസം അവന്‍ ആണത്രേ കോല് വെച്ച് ഇളക്കുന്നത്.. അവനു അത് പേടി ആണത്രേ ..
-------------------------
പിന്നീട് എന്നും എന്‍റെ സ്വപ്നങ്ങളില്‍ തിമിംഗലം നീന്തിത്തുടിച്ചു...
കാലം ഒരു പാടു കടന്നു പോയി ..
എന്നോ മറന്ന ആ കൂട്ടുകാരെ ഫേസ് ബുക്ക്‌ വീണ്ടും മുന്നില്‍ കൊണ്ട് നിര്‍ത്തി .
അസിഫ് ഗള്‍ഫില്‍ ജോലി ചെയ്യുന്നു .. ജിറ്റീഷ് അവന്‍റെ നാട്ടിലെ സ്കൂളിലെ പ്രിയപ്പെട്ട ആധ്യാപകന്‍ ആണ് ..
ഇന്നും ഞാന്‍ സ്വപ്നം കാണാറുണ്ട്..
അവന്‍റെ തിമിംഗലത്തെ..
ഉപ്പു കലക്കുമ്പോള്‍ കോലില്‍ പിടിച്ച് കടിച്ചു കുടയുന്ന അവന്‍റെ തിമിംഗലത്തെ..
ഒരാൾക്ക്‌ എത്രത്തോളം സ്വാതന്ത്ര്യമാവാം എന്ന് ചിന്തിച്ചിട്ടുണ്ടോ ?
ഞാൻ ഒരു സംഭവ കഥ പറയാം ..
ചോറ്റു പാത്രം കഴുകാൻ കിണറ്റിൽ നിന്ന് ഒരു പാട് കാലം വെള്ളം കോരി കൊടുത്തിട്ടുണ്ട് ഞാനവള്‍ക്ക്..
ഞാനും അവളും അന്ന് അഞ്ചിൽ പഠിക്കുന്നു ..
സ്വതന്ത്ര ദിനത്തിന്റെ തലേന്ന് ..
ക്ലാസ്സിൽ വർണ കടലാസുകൾ ഒട്ടിച്ചു കൊണ്ടിരിക്കുമ്പോ ..അന്നാണ് അവളെ ഞാൻ കാണുന്നത് ..
കഴുക്കോലിൽ ഇരുന്നും കൊണ്ട് താഴേക്ക്‌ നോക്കുമ്പോ ...
അവൾ എല്ലാവരോടും ഉറക്കെ പറയുന്നുണ്ട് ..അവിടെ ആ കളർ ഒട്ടിച്ചാമതി ..ഇവിടെ ഈ കളർ വേണ്ട ..
പാവം ..ആരും അനുസരിക്കുന്നില്ല ..
എന്നാലും ഇതൊക്കെ പറയാൻ അവൾ ആരാ ..
ഹിന്ദി ടീച്ചറുടെ മോൾക്കും സ്വാതന്ത്ര്യത്തിന് അവകാശമുണ്ട് ...അത് കൊണ്ട് പറയാം
എന്‍റെ സ്വാതന്ത്ര്യം ഞാനും ഉപയോഗിച്ചു .
വെള്ളയുടെ അടുത്ത് ഒട്ടും മാച്ച് ഇല്ലാത്ത മഞ്ഞ വര്‍ണക്കടലാസ് ഒട്ടിച്ചു .
അതവള്‍ കണ്ടു ..ദേഷ്യത്തോടെ എന്നെ നോക്കി ..
അവള്‍ക്ക് വേണ്ടി എന്‍റെ സ്വാതന്ത്ര്യം വേണ്ടാന്നു വെച്ച് ഒട്ടിച്ച വര്‍ണക്കടലാസ് എടുക്കാൻ നോക്കിയപ്പോ അത് കീറിപ്പോയി ..
ഞാൻ പേടിയോടെ താഴേക്ക്‌ നോക്കി ..
അവൾ ഒന്നും പറഞ്ഞില്ല ..
പച്ച വർണ കടലാസ് മൈദ ഒട്ടിച്ചു എനിക്ക് നേരെ നീട്ടി അവൾ ..
ഏന്തി വലിഞ്ഞ് ഞാൻ അത് മേടിച്ചു ..
അത് അവളുടെ സൗഹൃദം ആയിരുന്നു ..
ഏഴാം ക്ലാസ്സിൽ വെച്ച് ഞങ്ങൾ പിരിഞ്ഞു ..
അവളുടെ വീടിന് അടുത്താണ് രാജുവിന്റെ വീട് ..
രാജുവിനെ കാണുമ്പോൾ എല്ലാം വിശേഷങ്ങളിൽ അവളും ഉണ്ടായിരുന്നു..
"അവളുടെ ചേച്ചിയുടെ കല്യാണം കഴിഞ്ഞു .."
"അവളുടെ കല്യാണം കഴിഞ്ഞു .."
"അവൾക്കു ഒരു മോൾ ഉണ്ടായി .."
കൊല്ലംകാരായ അവർ ഇവിടെ സ്ഥിര താമസം ആക്കി .."
രാവിലെ ഓടിക്കിതച്ച് ക്ലാസ്സിലേക്ക് വന്നു കേറുമ്പോൾ എന്നും എന്നെ നോക്കി ചിരിച്ചിരുന്നു അവൾ ..
മലയാളം സർ എന്റെ കയ്യിൽ നുള്ളി തൊലി പൊളിക്കുമ്പോൾ അവളുടെ കണ്ണ് നിറയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു ...
ഒരുപാട് നല്ല ഓർമ്മകൾ ..
ഓർമകളിലെ അവള്‍ ..
ഇന്നിന്‍റെ അവള്‍ ..
രണ്ടും എന്നെ സന്തോഷിപ്പിച്ചു
അവസാനം കണ്ടപ്പോ രാജു പറഞ്ഞു ..
"അവൾ വീട്ടിൽ പെയിന്റടിക്കാൻ വന്നവന്റെ കൂടെ ഒളിച്ചോടി .."
മകളെ ടീച്ചറെ എല്പ്പിച്ചാണ് അവൾ പോയത് .
രാജുവിന് അവളോട്‌ ദേഷ്യം .
സമൂഹത്തിനു മുന്നിൽ ഇനിയെന്നും തല കുനിച്ചു ജീവിക്കാൻ വിധിക്കപ്പെട്ട ആ മകളെ ഓർത്ത് ..
ടീച്ചറെ ഓർത്ത് ..
അവളുടെ ചേച്ചിയെ ഓർത്ത്..
അച്ഛനെ ഓർത്ത് ...
ഇനി എന്ത് എന്ന ചോദ്യവുമായി ജീവിക്കുന്ന അവളുടെ ഭര്‍ത്താവിനെ ഓർത്ത് ...
ഞാൻ പക്ഷെ ഓർത്തത്‌ അവളെക്കുറിച്ചാണ് ..
ഞാനും അവളും കൂടി വര്‍ണക്കടലാസുകള്‍ കൊണ്ട് അലങ്കരിച്ചിരുന്ന അവളുടെയും എന്‍റെയും പിന്നെ നിങ്ങളുടെയും ഒക്കെ സ്വതന്ത്രത്തെക്കുറിച്ചാണ്..
കോഴിക്കോട് മെഡിക്കല്‍ കോളേജ്-

കാന്‍സര്‍ വാര്‍ഡ്‌ :

തിങ്ങി നിറഞ്ഞ കഫത്തിന്റെയും മലത്തിന്റെയും രൂക്ഷ ഗന്ധത്തിന്റെ ഇടയ്ക്ക്...
സ്കൂളിലെ സുരേഷ് സാര്‍ പറഞ്ഞു തന്നിട്ടുണ്ട് : -
പരാചിത നിമിഷങ്ങളില്‍ ഇവിടെ വന്നു ഒന്ന് ചുറ്റി കറങ്ങിയാല്‍ മതി ജീവിതം നമ്മളോട് ഒരു പാട് ക്രൂരത ഒന്നും ചെയ്തിട്ടില്ല എന്ന് മനസിലാവും എന്ന്.
എന്നാലും മരണ വീട് പോലെ തന്നെ എനിക്ക് ആശുപത്രിയും വെറുപ്പായിരുന്നു..

മനുഷ്യന്‍ ഇങ്ങനെ നിസ്സഹായന്‍ ആയി പോവുന്നത് ഇവിടങ്ങളില്‍ മാത്രമല്ലേ ?..
പാപ്പന്‍റെ അടുത്ത വീട്ടിലെ അമ്മ ആണ് ഇവിടെ ഉള്ളത് ...
അവരെ അവസാനമായി സന്ദര്‍ശിച്ചവരില്‍ ഉള്‍പ്പെടാനാണ് പാപ്പന്‍ എന്നെയും കൂട്ടി ഇവിടെ വന്നത്..
ഞങ്ങളും കാലനും ഒരുമിച്ച് അവിടെ എത്തി ..
വീര്‍ത്തു കലങ്ങിയ അവരുടെ മക്കളെ ഞാന്‍ സഹതാപത്തോടെ നോക്കി
കൂടി നിന്നവര്‍ ഒരു നിശ്വാസത്തോടെ പലയിടത്തേക്കു ചിതറി മാറി നിന്നു ..
ഞാന്‍ പുറത്തേക്കു നടന്നു ..
തേങ്ങലുകള്‍ക്കും അടക്കിപിടിച്ച സംസാരത്തിനും നടുവിലാണ് ഞാന്‍ അവനെ കണ്ടത് ..
മരണത്തിന്‍റെ ആ വാര്‍ഡില്‍- മുടി പറ്റെ മുറിച്ച -സ്വര്‍ണത്തിന്‍റെ നിറമുള്ള -ചുവന്ന കവിള്‍ ഉള്ള അവനെ അവന്‍റെ ഉപ്പ നെഞ്ചിലേക്ക് ചേര്‍ത്ത് പിടിച്ചിരിക്കുന്നു....എന്‍റെ തന്നെ പ്രായം കാണും അവന്.
എന്നോട് , അവനെക്കുറിച്ച് , അവന്‍റെ പാതാളത്തോളം കുഴിഞ്ഞ കണ്ണുകള്‍ക്ക് എന്തൊക്കെയോ പറയാന്‍ ഉണ്ട് ..ഞാന്‍ പതുക്കെ അവനെ ശ്രദ്ധിക്കാന്‍ തുടങ്ങി .
മഞ്ഞ നിറമുള്ള പുത്തന്‍ ബനിയന്‍ ആണ് അവന്‍ ധരിച്ചിട്ടുള്ളത് .
അവന്‍റെ അടുത്ത് കുന്നു കൂട്ടി വെച്ച-അവന്‍റെ ഉപ്പ അവനു മാത്രം കൊണ്ട് വന്ന സാധനങ്ങളില്‍ അവന്‍റെ കുഴിഞ്ഞ കണ്ണിലെ കൃഷ്മണി അതിവേഗം എന്തോ തിരയുന്നുണ്ട്..
കട്ടിലിനോട് ചേര്‍ന്ന് വെളുത്തു വിറങ്ങലിച്ച ഒരു രൂപം മുട്ടില്‍ ഇരുന്നു പടച്ചവനോട്‌ കരഞ്ഞു പ്രാര്‍ത്ഥിക്കുന്നത്‌ കണ്ടു ..
അവന്‍റെ ഉമ്മയാണ് ..കണ്ണീരു വീണവരുടെ കവിളു കരിഞ്ഞിരുന്നു ..

"പടച്ച റബ്ബേ "...
ഉപ്പ മുകളിലേക്ക് നോക്കി ഉറക്കെ വിളിച്ചു .ഒരാന്തലോടെ ..ഞാന്‍ ഞെട്ടി ..
ഉള്ളില്‍ അടക്കിയതൊക്കെ ആ ഉപ്പയുടെ രോദനത്തില്‍ കിടന്നു പുളയുന്ന പോലെ ..

ലോകത്ത് ഇനി ആരോടും സങ്കടം പറഞ്ഞിട്ട് കാര്യം ഇല്ല എന്ന തിരിച്ചറിവില്‍ അവസാന ആശ്രയമായ ദൈവത്തെ ആണ് അവരും വിളിച്ച് കരയുന്നത് ...

ദൈവം ഉണ്ടോ ഇല്ലയോ എന്ന എന്‍റെ എന്നത്തേയും സംശയം അവിടെ തീര്‍ന്നു..
ഇവര്‍ക്ക് ഒക്കെ വേണ്ടി ദൈവം ഈ ലോകത്ത് ഉണ്ടായേ തീരു...

പിന്നീട് ഒരിക്കലും ഞാന്‍ ആ കാന്‍സര്‍ വാര്‍ഡില്‍ പോയിട്ടില്ല..

ദൈവമുണ്ടെന്നു വീറോടെ വാശിയോടെ ആരെങ്കിലും പറഞ്ഞു തര്‍ക്കിക്കുമ്പോള്‍ പഴയ പോലെ പുച്ചിച്ചു ചിരിക്കാറുമില്ല...

"ഈശ്വരാ ...ഭഗവാനെ...അച്ഛമ്മക്കും അച്ചച്ചനും നല്ലത് വരുത്തണേ "..

ഞാന്‍ ഉറക്കെ നില വിളക്കിന് മുന്നിൽ ഇരുന്ന് പ്രാര്‍ത്ഥിച്ചു . അച്ഛമ്മ കോഴികള്‍ക്ക് അരി ഇട്ട് കൊടുക്കുകയായിരുന്നു ..

"അപ്പൊ നിനക്ക് നല്ലത് വരാൻ പ്രാര്‍ത്ഥിക്കണ്ടേ " -അച്ചമ്മ അവിടുന്ന് വിട്ടു പോയത് ഓർമിപ്പിച്ചു

" അത് ഞാൻ ആദ്യം തന്നെ പ്രാര്‍ത്ഥിച്ചല്ലോ " - ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു .


പെട്ടെന്ന് അവിടേക്ക് പൂവന്‍ വന്നു .. തീറ്റ കണ്ടിട്ടുള്ള വരവാണ് വല്യ ചിറക് വിരിച്ച് കൊ ക്കൊ ക്കൊ എന്ന് പറഞ്ഞ് എല്ലാരേം കൊത്താന്‍ പുറകെ പാഞ്ഞു പൂവൻ .. പാവം മറ്റു കോഴികള്‍ പേടിച്ച് ദൂരെക്ക് ഓടി പോയി എല്ലാര്‍ക്കും ഉള്ള തീറ്റ ഒറ്റയ്ക്ക് തിന്നു തീർത്തു പൂവൻ .. . ദുഷ്ടന്‍ ..

വല്യ ചിറകും കൊക്കും ഒക്കെ കണ്ടപ്പോ പാവം മറ്റു കോഴികൾ പേടിച്ചു കാണും എനിക്ക് പേടി ഒന്നും തോന്നിയില്ല .. ഞാന്‍ വല്യ ഒരു കല്ല്‌ എടുത്ത് പൂവന്‍റെ തലയ്ക്കിട്ട് എറിഞ്ഞു. പൂവന്‍ ഒഴിഞ്ഞു മാറി . ഞാൻ പിന്നേം കല്ല്‌ എടുത്ത് തുരുതുരാ എറിയാൻ തുടങ്ങി പൂവന്റെ മട്ടുമാറി.
അവൻ ഉറക്കെ കൊക്കികൊണ്ട്‌ എന്നെ കൊത്താനായി പാഞ്ഞടുത്തു . ഞാൻ അച്ഛമ്മയുടെ അടുത്തേക്ക് ഓടി ..

അച്ചമ്മയെ അവനു പേടിയാണ്

കാലം അങ്ങിനെ കുറേ കടന്നു പോയി ..
ഏതൊക്കെ കുപ്പായം ഇട്ടു വന്നാലും പൂവന് എന്നെ തിരിച്ചറിയാം ..
ഏതു വാതിലിലൂടെ പുറത്തിറങ്ങിയാലും പൂവൻ എന്നെ കാണും ..
എന്നെ കണ്ടാൽ പുറകെ ഓടും ..
പിന്നെ പിന്നെ പൂവനെ കണ്ടാൽ - പൂവൻ ഓടിച്ചില്ല എങ്കിലും ഞാൻ ഓട്ടം തുടങ്ങി . ഒരുപാട് തീറ്റ ഒക്കെ കഴിച്ച് പൂവൻ തടിച്ചു തടിച്ചു വന്നു .. പൂവനെ പേടിച്ച് ഓടി ഓടി ഞാൻ മെലിഞ്ഞു മെലിഞ്ഞ് വന്നു ..
അങ്ങിനെ ഇരിക്കെ ഒരു ദിവസം വീട്ടിൽ പൂജ ഉണ്ടായി ..
കയ്യിൽ അരിയും പൂവും തന്ന് പ്രാർഥിക്കാൻ പറഞ്ഞു അച്ചച്ചൻ .

" എന്താ പ്രാര്‍ത്ഥിക്യാ ,എനിക്ക് നല്ലത് വരാൻ പറയട്ടെ "

 "നിനക്ക് ഇഷ്ടം ഉള്ളത് പ്രാര്‍ത്ഥിച്ചോ .. അത് നടക്കും " -അച്ചമ്മ പറഞ്ഞു തന്നു .

പെട്ടെന്ന് എനിക്ക് പൂവനെ ഓർമ വന്നു .

"ഈശ്വരാ.. ഭഗവാനെ ..പൂവൻ എവിടേക്ക് എങ്കിലും പോണേ.. "

കുറച്ചു ദിവസം കഴിഞ്ഞ് താഴെ വീട്ടില് കിണറ്റിൻ കരയിൽ എല്ലാരും കൂടി നിൽക്കുന്നു ..
ഞാൻ ചെന്ന് നോക്കി ..
ഒരു വല്യ കൊട്ടയിൽ പൂവൻ കിടന്നുറങ്ങുന്നു

അച്ചമ്മ അതിനെ പിടിക്കാൻ പോവുന്നത് കണ്ടപ്പോ ഞാൻ അലറി

"അത് കൊത്തും " "അത് ചത്തെടാ ..

ഇനി കൊത്തൂല "

ഞാൻ പതുക്കെ പൂവന്റെ കണ്ണിലേക്ക് നോക്കി ..ഇല്ല... അതെന്നെ നോക്കുന്നില്ല .
.

 " ഹേയ് " ..

ഞാൻ സന്തോഷത്തോടെ ആർത്തു വിളിച്ചു .

ദൈവം എന്റെ പ്രാർത്ഥന കേട്ടു .

 "കോഴി എങ്ങട്ടാ പോയെ "

 "ചത്ത്‌ പോയി " -അച്ഛമ്മ പറഞ്ഞു

"അതന്നെ ..എന്നിട്ട് എവിടെക്കാ പോയെ "

അച്ചമ്മ :- "സ്വർഗത്തിൽ പോയി " .

 "ഞാൻ ചത്ത്‌ പോവോ " - എന്‍റെ സംശയം തീര്‍ന്നില്ല

 കൊറേ കഴിയുമ്പോ എല്ലാരും ചത്തു പോവും . -അച്ഛമ്മ ദേഷ്യത്തോടെ പറഞ്ഞു

 "അപ്പൊ ഞാൻ സ്വർഗത്തിൽ പോവോ "

അച്ചമ്മ :- "നീയും സ്വർഗത്തിൽ പോവും "

 "അപ്പൊ പൂവൻ അവിടെ ഉണ്ടാവൂലെ " ..ഞാൻ പേടിയോടെ ചോദിച്ചു .. അച്ചമ്മ ഉറക്കെ ചിരിച്ചു ..

 ഞാന്‍ വീണ്ടും പ്രാര്‍ത്ഥന തുടങ്ങി "ഈശ്വരാ ഭഗവാനെ ... പൂവന്‍ സ്വര്‍ഗത്തീന്നും ചത്തു പോണേ ..."
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു .
ക്ലാസ്സിൽ നിന്ന് നോക്കിയാൽ കൊട്ടതേങ്ങ പൊളിക്കുന്ന സ്ഥലം കാണാം..സ്കൂൾ ഗ്രൌണ്ടിലേക്ക് പരന്നു ഒഴുകുന്ന തേങ്ങാ വെള്ളം കുടിക്കാൻ ഒരു പാട് മൈനകൾ എപ്പോഴും അവിടെ വരും . ആ കെട്ടിടത്തിന്റെ നേരെ എതിർ വശത്താണ് മുറുക്കാൻ കട ..

നമ്പൂതിരി മാഷ് എന്നും മുറുക്കും ..

 നമ്പൂതിരി മാഷിന്റെ പീരീഡ്‌ ആവുമ്പോൾ ഞാൻ എപ്പോഴും ഗ്രൗണ്ടിലേക്ക് നോക്കും.. ഇന്ന് രണ്ടു മൈനകളെ കണ്ടു ..
ഭാഗ്യം ഉള്ളത് കൊണ്ടാണ് രണ്ടു മൈനകളെ ഒരുമിച്ചു കണ്ടത് .
എന്നിട്ടും മാഷ് എന്നെ തല്ലി ..
 അടി കിട്ടുന്ന ഭാഗത്ത്‌ പൊള്ളുന്ന പോലെ ..ഞാൻ മാഷിന്റെ കാലു വട്ടം പിടിക്കാൻ നോക്കി .. പിന്നേം പിന്നേം മാഷ് അടിച്ചു കൊണ്ടിരുന്നു ..

കരഞ്ഞു മുട്ടുകാലിൽ നിന്നപ്പോൾ മാഷ് അലറി .എണീറ്റ്‌ പോടാ ..ഞാൻ എണീറ്റ്‌ ബെഞ്ചിൽ പോയി ഇരുന്നു . .
മാഷ് മറ്റുള്ള കുട്ടികളേം അടിക്കുകയാണ് ...

മാഷ് കാണാതെ ഞാൻ ഗ്രൌണ്ടിലേക്ക് എത്തി നോക്കി .. മൈനകളെ എണ്ണാൻ .. . ഇപ്പൊ അവിടെ കുറേ അധികം മൈനകൾ ..എണ്ണാൻ പറ്റുന്നില്ല ..

പിറ്റേന്ന് രാവിലെ കോയാക്കയുടെ കടയ്ക്ക് മുൻപിൽ നല്ല രസം ഉള്ള ഒരു പെട്ടി കണ്ടു ...

വീടിന്റെ ആകൃതിയിൽ ഉള്ള പച്ച കളർ ഉള്ള പെട്ടി ...
അതിൽ ഇങ്ങനെ എഴുതിയിരുന്നു .."ശുഹദാക്കളുടെ നേർച്ചപ്പെട്ടി " ..

"കോയാക്കാ ...ഈ പെട്ടി ആരതാ "

"അത് സോതാകളുടെ ആടാ "

 "ആരാ സോതാക്കൾ " ..

അങ്ങനെ ഒരാളെ ഞാൻ കണ്ടിട്ടില്ല ..

നമുക്ക് എന്ത് കാര്യം നടക്കാനും ശുഹദാക്കളോട് നേർന്നാൽ മതി ..
കാര്യം നടന്ന് കഴിഞ്ഞാൽ ആ പെട്ടിയിൽ പൈസ ഇടണം ..

സ്കൂളിലേക്ക് നടക്കുമ്പോൾ ഞാൻ ശുഹദാക്കൾക്ക് നേർന്നു ..വൈകുന്നേരം പൈസ ഇട്ടോളാം ..നമ്പൂതിരി മാഷ് എന്നെ അടിക്കരുത് .

കണക്കിന്റെ പീരീഡ്‌ ആയി ..മാഷ് ചോദ്യം ചോദിച്ചു ..ഒന്നും ഓർമ വരുന്നില്ല .ഞാൻ പേടിയോടെ മതിലിനു അപ്പുറത്തേക്ക് എത്തി നോക്കി ..ഒരു പാട് മൈനകൾ ..ഞാൻ എണ്ണാൻ തുടങ്ങി

 മാഷ് അലറി .." നിന്ന് തിരിയാതെ ഇവിടെ വാടാ "

 ട്രൗസർ കുറച്ചു താഴ്ത്തി ഞാൻ മാഷിന്റെ അടുത്ത് എത്തി തല കുനിച്ചു നിന്നു .

"പോയി ഒരു മുറുക്കാൻ വാങ്ങി വാ..എനിക്ക് ആണെന്ന് പറ "..

മൈനകൾക്ക് ഇടയിലൂടെ ഞാൻ കടയിലേക്കോടി .അവയെല്ലാം എന്നെ പേടിച്ച് പറന്നു പോയി ..

കടയിൽ നല്ല തിരക്ക് ..തിരിച്ചു ക്ലാസ്സിൽ എത്തിയപ്പോ വൈകി .. മാഷ് എന്നെ കാത്തു നിൽക്കുന്നു .. ഞാൻ മുറുക്കാൻ കൊടുത്തിട്ട് തല താഴ്ത്തി അടി വാങ്ങാൻ തയ്യാറായി നിന്നു .

" പോയി ഇരിക്ക് " .. എന്റെ ബെഞ്ചിൽ എനിക്കു മാത്രം അടി കിട്ടിയില്ല .എല്ലാർക്കും അത്ഭുതം ..
ഞാൻ ആരോടും ഒന്നും പറഞ്ഞില്ല

വൈകുന്നേരം കോയാക്കയുടെ കടയിൽ പോവുമ്പോൾ പൈസ ഇടണം ..
 ഞാൻ കോയാക്കയുടെ കടയിലെത്തി സാധനങ്ങൾ വാങ്ങി . ബാക്കി കുറെ പൈസ ഉണ്ട് ..അതിൽ കുറച്ച് പെട്ടിയിൽ ഇടാം ..
പക്ഷെ പൈസ കുറഞ്ഞാൽ മിട്ടായി വാങ്ങി എന്ന് പറഞ്ഞ് അച്ഛമ്മ വഴക്ക് പറയും ..
പൈസ ഇട്ടില്ലെങ്കിൽ ഇത്രയും ശക്തി ഉള്ള ശുഹദാക്കൾ എന്നെ എന്തെങ്കിലും ചെയ്യും ..
ഞാൻ ശുഹദാക്കളുടെ പെട്ടി നോക്കി നിന്നു ..

ഓടിയാലോ ...

 പെട്ടന്ന് കോയാക്ക എന്നെ ഒറ്റ പിടുത്തം ..

എനിക്ക് ഓടാൻ കഴിഞ്ഞില്ല .. ഞാൻ കുതറി മാറി ..പറ്റുന്നില്ല

 ശുഹദാക്കൾ കോയാക്കയോട്‌ എല്ലാം പറഞ്ഞിട്ട് ഉണ്ട് .ഞാൻ കോയാക്കയുടെ മുന്നിൽ നിന്നു വിറച്ചു ..

കോയാക്ക ഒരു സഞ്ചി കയ്യിൽ തന്നു ..എന്നിട്ട് പറഞ്ഞു
 " ഇത് സോതാകളുടെ ആണ് .. കൊണ്ടോയിക്കോ.. "

 ഞാൻ അത് തുറന്നു നോക്കി ..സഞ്ചി നിറയെ അരി ..

അപ്പൊ ശുഹദാക്കൾക്ക് എന്നെ ഇഷ്ടം ആണ് ....

ഞാനാ സഞ്ചി നെഞ്ചിലേക്കടക്കിപ്പിടിച്ച് വീട്ടിലേക്കോടി ._________________________________

 ശുഹദാക്കളുടെ പെട്ടി* -ഈ പെട്ടി വർഷത്തിൽ ഒരിക്കൽ തുറക്കും ..ആ കാശിന് അരി വാങ്ങി എല്ലാവർക്കും വിതരണം ചെയ്യും .ഇത് ഞങ്ങളുടെ നാട്ടിലെ മുസ്ലിംസിന് ഇടയിൽ ഉള്ള ആചാരം ആണ് .ശുഹദാക്കളുടെ പെട്ടിയിൽ അച്ഛമ്മയും നേർച്ച ഇടാറുണ്ട് ..അത് കൊണ്ട് അച്ഛമ്മയ്ക്കും കിട്ടും അരി ..ആ അരി ആണ് അന്ന് കോയാക്ക എനിക്ക് തന്നത്.

കോയാക്ക* - ഞങ്ങളുടെ നാട്ടിൽ പലചരക്കു കട നടത്തുന്നു

നമ്പൂതിരി മാഷ്* - അയ്യായ UP സ്കൂളിലെ കണക്ക് മാഷ്

Popular Posts