ദൈവം ഉണ്ടോ ?

By | 3:04 PM 2 comments
കോഴിക്കോട് മെഡിക്കല്‍ കോളേജ്-

കാന്‍സര്‍ വാര്‍ഡ്‌ :

തിങ്ങി നിറഞ്ഞ കഫത്തിന്റെയും മലത്തിന്റെയും രൂക്ഷ ഗന്ധത്തിന്റെ ഇടയ്ക്ക്...
സ്കൂളിലെ സുരേഷ് സാര്‍ പറഞ്ഞു തന്നിട്ടുണ്ട് : -
പരാചിത നിമിഷങ്ങളില്‍ ഇവിടെ വന്നു ഒന്ന് ചുറ്റി കറങ്ങിയാല്‍ മതി ജീവിതം നമ്മളോട് ഒരു പാട് ക്രൂരത ഒന്നും ചെയ്തിട്ടില്ല എന്ന് മനസിലാവും എന്ന്.
എന്നാലും മരണ വീട് പോലെ തന്നെ എനിക്ക് ആശുപത്രിയും വെറുപ്പായിരുന്നു..

മനുഷ്യന്‍ ഇങ്ങനെ നിസ്സഹായന്‍ ആയി പോവുന്നത് ഇവിടങ്ങളില്‍ മാത്രമല്ലേ ?..
പാപ്പന്‍റെ അടുത്ത വീട്ടിലെ അമ്മ ആണ് ഇവിടെ ഉള്ളത് ...
അവരെ അവസാനമായി സന്ദര്‍ശിച്ചവരില്‍ ഉള്‍പ്പെടാനാണ് പാപ്പന്‍ എന്നെയും കൂട്ടി ഇവിടെ വന്നത്..
ഞങ്ങളും കാലനും ഒരുമിച്ച് അവിടെ എത്തി ..
വീര്‍ത്തു കലങ്ങിയ അവരുടെ മക്കളെ ഞാന്‍ സഹതാപത്തോടെ നോക്കി
കൂടി നിന്നവര്‍ ഒരു നിശ്വാസത്തോടെ പലയിടത്തേക്കു ചിതറി മാറി നിന്നു ..
ഞാന്‍ പുറത്തേക്കു നടന്നു ..
തേങ്ങലുകള്‍ക്കും അടക്കിപിടിച്ച സംസാരത്തിനും നടുവിലാണ് ഞാന്‍ അവനെ കണ്ടത് ..
മരണത്തിന്‍റെ ആ വാര്‍ഡില്‍- മുടി പറ്റെ മുറിച്ച -സ്വര്‍ണത്തിന്‍റെ നിറമുള്ള -ചുവന്ന കവിള്‍ ഉള്ള അവനെ അവന്‍റെ ഉപ്പ നെഞ്ചിലേക്ക് ചേര്‍ത്ത് പിടിച്ചിരിക്കുന്നു....എന്‍റെ തന്നെ പ്രായം കാണും അവന്.
എന്നോട് , അവനെക്കുറിച്ച് , അവന്‍റെ പാതാളത്തോളം കുഴിഞ്ഞ കണ്ണുകള്‍ക്ക് എന്തൊക്കെയോ പറയാന്‍ ഉണ്ട് ..ഞാന്‍ പതുക്കെ അവനെ ശ്രദ്ധിക്കാന്‍ തുടങ്ങി .
മഞ്ഞ നിറമുള്ള പുത്തന്‍ ബനിയന്‍ ആണ് അവന്‍ ധരിച്ചിട്ടുള്ളത് .
അവന്‍റെ അടുത്ത് കുന്നു കൂട്ടി വെച്ച-അവന്‍റെ ഉപ്പ അവനു മാത്രം കൊണ്ട് വന്ന സാധനങ്ങളില്‍ അവന്‍റെ കുഴിഞ്ഞ കണ്ണിലെ കൃഷ്മണി അതിവേഗം എന്തോ തിരയുന്നുണ്ട്..
കട്ടിലിനോട് ചേര്‍ന്ന് വെളുത്തു വിറങ്ങലിച്ച ഒരു രൂപം മുട്ടില്‍ ഇരുന്നു പടച്ചവനോട്‌ കരഞ്ഞു പ്രാര്‍ത്ഥിക്കുന്നത്‌ കണ്ടു ..
അവന്‍റെ ഉമ്മയാണ് ..കണ്ണീരു വീണവരുടെ കവിളു കരിഞ്ഞിരുന്നു ..

"പടച്ച റബ്ബേ "...
ഉപ്പ മുകളിലേക്ക് നോക്കി ഉറക്കെ വിളിച്ചു .ഒരാന്തലോടെ ..ഞാന്‍ ഞെട്ടി ..
ഉള്ളില്‍ അടക്കിയതൊക്കെ ആ ഉപ്പയുടെ രോദനത്തില്‍ കിടന്നു പുളയുന്ന പോലെ ..

ലോകത്ത് ഇനി ആരോടും സങ്കടം പറഞ്ഞിട്ട് കാര്യം ഇല്ല എന്ന തിരിച്ചറിവില്‍ അവസാന ആശ്രയമായ ദൈവത്തെ ആണ് അവരും വിളിച്ച് കരയുന്നത് ...

ദൈവം ഉണ്ടോ ഇല്ലയോ എന്ന എന്‍റെ എന്നത്തേയും സംശയം അവിടെ തീര്‍ന്നു..
ഇവര്‍ക്ക് ഒക്കെ വേണ്ടി ദൈവം ഈ ലോകത്ത് ഉണ്ടായേ തീരു...

പിന്നീട് ഒരിക്കലും ഞാന്‍ ആ കാന്‍സര്‍ വാര്‍ഡില്‍ പോയിട്ടില്ല..

ദൈവമുണ്ടെന്നു വീറോടെ വാശിയോടെ ആരെങ്കിലും പറഞ്ഞു തര്‍ക്കിക്കുമ്പോള്‍ പഴയ പോലെ പുച്ചിച്ചു ചിരിക്കാറുമില്ല...

വള്രെ പുതിയ പോസ്റ്റ് വളരെ പഴയ പോസ്റ്റ് ഹോം

2 അഭിപ്രായങ്ങൾ:

  1. വളരെ ചിന്താർഹമായ ലേഖനം . അഭിനന്ദനങ്ങൾ....ഈ കഷ്ടപ്പടും വേദനയും യാദൃച്ഛികമായി ഉണ്ടാവാൻ ഒരു സാധ്യതയില്ല. സർവജ്ഞനും യുക്തിമാനുമായ ഒരു ദൈവം സുഖ ദുഖങ്ങൾകൊണ്ട് മനുഷ്യനെ പരീക്ഷിക്കുന്നതാവാനേ സാധ്യതയുള്ളൂ. ആരാണ് ദൈവത്തിന് നന്ദി കാണിക്കുന്നത് എന്നാണ് ദൈവം പരീക്ഷിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2017, ജൂലൈ 27 11:22 AM

    ദൈവം എന്നിട്ടും ആ പ്രാര്‍ത്ഥന കേട്ടില്ല എങ്കില്‍ ദൈവം ഉള്ളതും ഇല്ലാത്തതും ഒരുപോലെയല്ലേ സഹോദരാ....

    മറുപടിഇല്ലാതാക്കൂ

Popular Posts